വയനാട്: മാനന്തവാടിയില് ഉപരോധ സമരം നടത്തിയ വിദ്യാര്ത്ഥികള്ക്ക് ഇടയിലേക്ക് പൊലീസ് ജീപ്പ് ഓടിച്ചു കയറ്റിയ നടപടിയില് വ്യാപക പ്രതിഷേധം. പൊലിസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രൻ പറഞ്ഞു. സംഭവത്തിന് കാരണക്കാരനായ പനമരം എസ്.ഐക്കെതിരെയും പൊലീസ് ഡ്രൈവർക്കെതിരെ നടപടിയെടുക്കണമെന്ന് സി കെ ശശീന്ദ്രൻ ആവശ്യപ്പെട്ടു.
സംഭവത്തില് പൊലീസ് ഡ്രൈവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇയാള്ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്നും എസ് എഫ് ഐ കേന്ദ്ര കമ്മിറ്റിംഅംഗം കെ റഫീഖ് പറഞ്ഞു. വിദ്യാര്ത്ഥികളെ കൊലപ്പെടുത്താന് ശ്രമിച്ച പൊലിസ് നടപടിയില് ബാലാവകാശ കമ്മീഷൻ ഇടപെടണമെന്നും കെ. റഫീഖ് ആവശ്യപ്പെട്ടു. സംഭവത്തില് നടപടി സ്വീകരിച്ചില്ലെങ്കില് ശക്തമായ സമര പരിപാടികളുമായി എസ്.എഫ്.ഐ മുന്നോട്ട് പോകുമെന്നും റഫീഖ് വ്യക്തമാക്കി.
മാനന്തവാടി ഗവ ഹൈസ്ക്കൂളിൽ വിദ്യാർത്ഥികൾ വരാന്തയിൽ ഇരുന്ന് പഠിക്കുന്നുവെന്ന റിപ്പോർട്ടർ വാർത്തയെ തുടർന്ന് എസ് എഫ് ഐയുടെ നേതൃത്വത്തിൽ മാനന്തവാടി കൽപ്പറ്റ സംസ്ഥാന പാത ഉപരോധിച്ചിരുന്നു . സമരത്തിനിടെ വിദ്യാർത്ഥികളുടെ ഇടയിലേക്ക് പൊലീസ് വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. പനമരം എസ് ഐയുടെ നേതൃത്വത്തിൽ പ്രതികളുമായി വന്ന ടാറ്റാ സുമോ വാഹനമാണ് വിദ്യാർത്ഥികളുടെ ഇടയിലേക്ക് ഓടിച്ചു കയറ്റിയത്.